കൊച്ചി: കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ പ്രാധാന്യവും പ്രസക്തിയും പൊതുസമൂഹത്തിലേക്ക് കൂടുതൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സഹകരണ വാരാഘോഷം–2026 ന്റെ ഭാഗമായി സഹകാര്യം ന്യൂസ് ലേഖന മത്സരം സംഘടിപ്പിക്കുന്നു. ‘സഹകരണത്തിലൂടെ സമൃദ്ധി’ എന്ന വിഷയത്തിലാണ് മത്സരം.

സഹകരണ വാരാഘോഷങ്ങൾ സഹകരണ ഉത്സവമായി മാറുന്ന കേരളത്തിൽ സഹകരണ പ്രസ്ഥാനത്തിന്റെ നേട്ടങ്ങളും സാധ്യതകളും പുതിയ കാലഘട്ടത്തിലെ വികസന കാഴ്ചപ്പാടുകളും ചർച്ച ചെയ്യേണ്ടത് അനിവാര്യമാണെന്ന് സംഘാടകർ ചൂണ്ടിക്കാട്ടി. പൊതുവികാസത്തിന്റെ ഉപകരണമായി സഹകരണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുകയും ഓരോ സഹകരണ സ്ഥാപനത്തെയും നാടിന്റെ നന്മയുടെ പ്രതീകങ്ങളാക്കി മാറ്റുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും മത്സരം ഉയർത്തിക്കാട്ടുന്നു.

17,000-ത്തിലധികം സഹകരണ സ്ഥാപനങ്ങളും 60-ഓളം വ്യത്യസ്ത പ്രവർത്തന മേഖലകളുമുള്ള കേരളത്തിൽ ബാങ്കിങ്, ക്ഷീരവികസനം, വ്യവസായം, ആരോഗ്യം, സാഹിത്യം, വനിതാ ശാക്തീകരണം, സാമൂഹ്യക്ഷേമം തുടങ്ങി വിവിധ മേഖലകളിലേക്ക് സഹകരണ പ്രസ്ഥാനം വ്യാപിച്ചുകഴിഞ്ഞു. പുതിയ സംരംഭങ്ങൾക്കും തൊഴിൽ സാധ്യതകൾക്കും പ്രാദേശിക വികസനത്തിനും സഹകരണ മേഖലയ്ക്ക് കൂടുതൽ സംഭാവന നൽകാൻ കഴിയുന്ന സാഹചര്യത്തിലാണ് ലേഖന മത്സരം സംഘടിപ്പിക്കുന്നത്.

ലേഖനങ്ങൾ അയയ്ക്കേണ്ട വിധം

‘സഹകരണത്തിലൂടെ സമൃദ്ധി’ എന്ന വിഷയത്തിൽ അഞ്ച് പേജിൽ കവിയാത്ത ലേഖനങ്ങളാണ് മത്സരത്തിനായി അയയ്ക്കേണ്ടത്. കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്ത ലേഖനങ്ങൾ sahakaryam@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് 2026 നവംബർ 20-ന് മുമ്പായി അയയ്ക്കണം.

ലേഖനത്തോടൊപ്പം രചയിതാവിന്റെ പേര്, വിലാസം, മൊബൈൽ നമ്പർ, ഫോട്ടോ എന്നിവയും ഉൾപ്പെടുത്തണം. ലേഖനം അയച്ച വിവരം 94462 27583 എന്ന നമ്പറിൽ വിളിച്ചറിയിക്കുകയും ലേഖനത്തിന്റെ വിശദാംശങ്ങൾ അതേ നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യുകയും വേണം. മുമ്പ് പ്രസിദ്ധീകരിച്ച ലേഖനങ്ങൾ മത്സരത്തിന് പരിഗണിക്കുന്നതല്ല.

മികച്ച ലേഖനത്തിന് ‘സഹകാര്യം പുരസ്‌കാരം’

മത്സരത്തിലെ ഏറ്റവും മികച്ച ലേഖനത്തിന് ‘സഹകാര്യം പുരസ്‌കാരം’ സമ്മാനിക്കും. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ലേഖനങ്ങൾ സഹകാര്യം ന്യൂസിന്റെ ആർട്ടിക്കിൾ റീഡിങ് പരിപാടിയിലും ഉൾപ്പെടുത്തും.

സഹകാര്യം ന്യൂസ്, സഹകാര്യം കമ്മ്യൂണിക്കേഷൻ ആൻഡ് സർവീസസ്, മുപ്പത്തടം പി.ഒ., കൊച്ചി – 683110 എന്ന വിലാസത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്.

ചാന്ദ്നി കൃഷ്ണകുമാർ
ഡയറക്ടർ, സഹകാര്യം ന്യൂസ്