സഹകരണ മേഖലയിലെ ജീവനക്കാരുടെ നിയമന–സ്ഥാനക്കയറ്റ സംവിധാനത്തിൽ നിർണായക മാറ്റങ്ങൾക്ക് വഴിയൊരുക്കി കേരള സഹകരണ സംഘ ചട്ടം, 1969-ൽ മൂന്നാം ഭേദഗതിക്ക് സർക്കാർ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. അസിസ്റ്റന്റ് സെക്രട്ടറി, ചീഫ് അക്കൗണ്ടന്റ് ഉൾപ്പെടെയുള്ള തസ്തികകളിലെ നേരിട്ടുള്ള നിയമനത്തിന് 25 ശതമാനം പരിധി ഏർപ്പെടുത്തുന്നതും ക്ലർക്ക് തസ്തികയിലെ സ്ഥാനക്കയറ്റവും നേരിട്ടുള്ള നിയമനവും തമ്മിലുള്ള അനുപാതം 1:2 ആയി പുനഃക്രമീകരിക്കുന്നതുമാണ് പ്രധാന നിർദേശങ്ങൾ.

2026 ജൂലൈ 2-ന് സഹകരണ വകുപ്പ് പുറപ്പെടുവിച്ച Co-op/B1/62/2026/Co-op നമ്പർ വിജ്ഞാപനം ജൂലൈ 23-ലെ കേരള ഗസറ്റ് അസാധാരണ പതിപ്പിലാണ് പ്രസിദ്ധീകരിച്ചത്.

ചട്ടം 185-ലെ 2(c)-ന് ശേഷം ഉൾപ്പെടുത്തുന്ന പുതിയ 2(d) പ്രകാരം, 2(a), 2(b), 2(c) ഉപചട്ടങ്ങളിൽ ഉൾപ്പെടുന്ന തസ്തികകളിലെ നേരിട്ടുള്ള നിയമനക്കാരുടെ എണ്ണം അതത് തസ്തികകളുടെ ആകെ അംഗബലത്തിന്റെ 25 ശതമാനത്തിൽ ഒരിക്കലും അധികരിക്കരുത് എന്നാണ് നിർദേശം. ഇതോടെ അസിസ്റ്റന്റ് സെക്രട്ടറി, ചീഫ് അക്കൗണ്ടന്റ് തുടങ്ങിയ തസ്തികകളിലേക്കുള്ള നേരിട്ടുള്ള നിയമനത്തിന് നിയന്ത്രണം വരും. കരട് അന്തിമമായി നിലവിൽ വന്നാൽ ഈ തസ്തികകളിൽ സ്ഥാനക്കയറ്റത്തിന് കൂടുതൽ അവസരം ലഭിക്കുന്ന സാഹചര്യമുണ്ടാകും.ക്ലർക്ക് തസ്തികയിൽ പ്രമോഷൻ അവസരം ഇരട്ടിയാകും

ജീവനക്കാരെ നേരിട്ട് ബാധിക്കുന്ന മറ്റൊരു പ്രധാന മാറ്റം ചട്ടം 185(10)-ലാണ്. നിലവിലുള്ള 1:4 അനുപാതം 1:2 ആയി മാറ്റാനാണ് നിർദേശം. നിലവിലെ ഒന്നാം പ്രൊവിസോ ഒഴിവാക്കാനും കരടിൽ നിർദേശമുണ്ട്.

പുതിയ വ്യവസ്ഥ പ്രകാരം പ്രൈമറി സഹകരണ സംഘങ്ങൾ, ബാങ്കുകൾ, പ്രൈമറി അഗ്രിക്കൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്മെന്റ് ബാങ്കുകൾ എന്നിവിടങ്ങളിലെ ക്ലർക്ക് തസ്തികയിലെ സ്ഥിരം ഒഴിവുകൾ സ്ഥാനക്കയറ്റവും നേരിട്ടുള്ള നിയമനവും 1:2 എന്ന അനുപാതത്തിൽ നികത്തണം. സ്ഥാനക്കയറ്റം ഫീഡർ കാറ്റഗറിയിൽ നിന്നായിരിക്കണമെന്നും ഉദ്യോഗാർഥിയുടെ മെറിറ്റും കഴിവും സഹകരണ സർവീസ് പരീക്ഷാ ബോർഡ് നടത്തുന്ന യോഗ്യതാ പരീക്ഷയിലൂടെ വിലയിരുത്തണമെന്നും കരട് വ്യവസ്ഥ ചെയ്യുന്നു. തസ്തികകളുടെ പേരിലും മാറ്റം നിർദേശിച്ചിട്ടുണ്ട്. ചട്ടം 186-ലെ ബന്ധപ്പെട്ട വ്യവസ്ഥകളിലും Appendix III-ലും 'പീയൂൺ " എന്ന പേര് ‘ഓഫിസ് അറ്റെൻഡന്റ് ’ എന്നാക്കി മാറ്റാനാണ് നിർദേശം. സഹകരണ ബാങ്കുകൾ, പ്രൈമറി ക്രെഡിറ്റ് സൊസൈറ്റികൾ/ബാങ്കുകൾ, പ്രൈമറി കോ-ഓപ്പറേറ്റീവ് അഗ്രിക്കൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്മെന്റ് ബാങ്കുകൾ, കൺസ്യൂമർ സൊസൈറ്റികൾ, ആശുപത്രി സഹകരണ സംഘങ്ങൾ, ഡയറി സഹകരണ സംഘങ്ങൾ തുടങ്ങിയ വിഭാഗങ്ങളിലും ഈ പേരുമാറ്റം ബാധകമാകും.

കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് (Third Amendment) Rules, 2026 എന്ന പേരിലാണ് കരട് ചട്ടം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിർദേശങ്ങളോ തടസ്സവാദങ്ങളോ ഉണ്ടെങ്കിൽ സർക്കാരിന് സമർപ്പിക്കാമെന്നും ലഭിക്കുന്ന നിർദേശങ്ങളും തടസ്സവാദങ്ങളും പരിഗണിച്ച ശേഷമായിരിക്കും തുടർനടപടികളെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സഹകരണ ജീവനക്കാരുടെ സ്ഥാനക്കയറ്റം തടയുന്ന വിവിധ ഉത്തരവുകൾ പുനഃപരിശോധിക്കണമെന്നത് ജീവനക്കാരുടെ സംഘടനകൾ വർഷങ്ങളായി ഉന്നയിച്ചിരുന്ന പ്രധാന ആവശ്യമായിരുന്നു. സഹകരണ ജീവനക്കാരുടെ പ്രമോഷൻ തടയുന്ന നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സഹകരണ വകുപ്പ് മന്ത്രി എം. ലിജുവിന് സഹകരണ വീക്ഷണം ഉൾപ്പെടെ വിവിധ സംഘടനകൾ നിരവധി പരാതികളും നിവേദനങ്ങളും നൽകിയിരുന്നു.