തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും ആശ്വാസമായി 2026-ലെ ഓണാഘോഷത്തോടനുബന്ധിച്ചുള്ള ഉത്സവബത്ത സർക്കാർ അനുവദിച്ചു. മുൻവർഷത്തെക്കാൾ 400 രൂപ വീതം വർധിപ്പിച്ചാണ് ഇത്തവണ തുക പ്രഖ്യാപിച്ചിരിക്കുന്നത്. സഹകരണ (എ) വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത് (ഉത്തരവ് നമ്പർ: സ.ഉ.(സാധാ) നം. 329/2026/Co-Op, തീയതി: 18-08-2026).
പുതുക്കിയ ഉത്സവബത്ത നിരക്കുകൾ:
സഹകരണ പെൻഷൻകാർക്ക്: ₹4,500/- (കഴിഞ്ഞ വർഷം ₹4,100/-)
കുടുംബ പെൻഷൻകാർക്ക്: ₹4,000/- (കഴിഞ്ഞ വർഷം ₹3,600/-)
കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡ് സെക്രട്ടറി സമർപ്പിച്ച അപേക്ഷ വിശദമായി പരിശോധിച്ച ശേഷമാണ് സർക്കാർ ഈ തീരുമാനം കൈക്കൊണ്ടത്. ഗവർണറുടെ പേരിൽ അഡീഷണൽ സെക്രട്ടറി ലതാകുമാരി എം.ബി ആണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഉത്സവബത്ത വർധിപ്പിച്ചത് ഓണക്കാലത്ത് ആയിരക്കണക്കിന് വരുന്ന സഹകരണ പെൻഷൻകാർക്ക് വലിയ ആശ്വാസമാകും.