കോഴിക്കോട്: രമേശൻ പാലേരി പലർക്കും കാരുണ്യമുള്ള ദൈവത്തെപ്പോലെയായിരുന്നുവെന്ന് പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദൻ.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ സംഘടിപ്പിച്ച രമേശൻ പാലേരിയുടെ ഛായാചിത്ര അനാച്ഛാദനച്ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മത്സരലോകം മാനുഷികമൂല്യങ്ങളെ വിസ്മരിക്കുമ്പോൾ, മനുഷ്യരെ കേന്ദ്രബിന്ദുവാക്കി വളർന്ന പ്രസ്ഥാനമാണ് ഊരാളുങ്കൽ എന്ന് എം. മുകുന്ദൻ അനുസ്മരിച്ചു. ഉന്നത പദവികളിൽ പ്രവർത്തിച്ചപ്പോഴും സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ള സാധാരണക്കാരോട് അളവറ്റ സ്നേഹവും കരുതലും കാത്തുസൂക്ഷിക്കാൻ രമേശൻ പാലേരിക്ക് കഴിഞ്ഞു. ആ കരുണയാണ് അദ്ദേഹത്തെ സാധാരണക്കാർക്കിടയിൽ ദൈവസമാനനാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യനും യന്ത്രവും തമ്മിലുള്ള സഹവർത്തിത്വത്തെക്കുറിച്ചുള്ള രമേശൻ പാലേരിയുടെ ഉൾക്കാഴ്ചയും ദീർഘവീക്ഷണവുമാണ് സഹകരണ മേഖലയെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചത് എന്നും എം. മുകുന്ദൻ കൂട്ടിച്ചേർത്തു.
ചടങ്ങിൽ സൊസൈറ്റി ചെയർമാൻ എസ്. ഷാജു അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എം. എം. സുരേന്ദ്രൻ, സീനിയർ ഡയറക്ടർ കെ. ടി. കെ. അനന്തൻ, യുഎൽസിസിഎസ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. എം. ജയരാജ് എന്നിവർ സംസാരിച്ചു. മാനേജിങ് ഡയറക്ടർ പ്രവീൺ കുമാർ കെ. സ്വാഗതവും ജിഎം അഡ്മിൻ ഷാബു കെ. പി. നന്ദിയും പറഞ്ഞു.
വിവിധ സംഘടനാ ഭാരവാഹികളും പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.