73-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി പ്രസംഗ, പ്രബന്ധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. നവംബർ 14 മുതൽ 20 വരെയാണ് ഈ വർഷത്തെ വാരാഘോഷം നടക്കുന്നത്. 8, 9, 10 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ തലത്തിലും, പ്ലസ് വൺ, പ്ലസ്‌ടു, സഹകരണ പാരലൽ കോളേജ്, മറ്റ് റഗുലർ ബിരുദ-ബിരുദാനന്തര വിദ്യാർത്ഥികൾക്ക് കോളേജ് തലത്തിലുമാണ് മത്സരങ്ങൾ നടക്കുക. എന്നാൽ മറ്റ് പാരലൽ കോളേജുകളിലെ വിദ്യാർത്ഥികൾക്ക് ഇതിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കില്ല. പ്രാഥമിക മത്സരങ്ങൾ സർക്കിൾ തലത്തിൽ ഒക്ടോബർ 15-നകവും, ഇതിൽ ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്കുള്ള ജില്ലാതല മത്സരങ്ങൾ ഒക്ടോബർ 25-നകവും പൂർത്തിയാക്കും. ജില്ലാതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും ലഭിക്കുന്നതാണ്. പ്രബന്ധ മത്സരത്തിന് സംസ്ഥാന തല മത്സരം ഉണ്ടായിരിക്കുന്നതല്ല. എന്നാൽ ജില്ലാതല പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നവർക്കായി നവംബർ 7-ന് തിരുവനന്തപുരത്ത് വെച്ച് സംസ്ഥാന തല മത്സരം സംഘടിപ്പിക്കും. ഈ മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് യാത്രാപ്പടിയും 250 രൂപ ദിനബത്തയും നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് സംസ്ഥാന സഹകരണ യൂണിയന്റെ പബ്ലിസിറ്റി വിഭാഗവുമായോ (ഫോൺ: 0471-2320420) അതാത് സർക്കിൾ സഹകരണ യൂണിയൻ ഓഫീസുകളുമായോ ബന്ധപ്പെടാവുന്നതാണ്.