തിരുവനന്തപുരം: സഹകരണ മേഖലയിലെ ഫയൽ നടപടികൾ കൂടുതൽ വേഗത്തിലാക്കുന്നതിനും സുതാര്യമാക്കുന്നതിനുമായി സിംഗിൾ വിൻഡോ സംവിധാനം നടപ്പാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി സഹകരണ വകുപ്പ് മന്ത്രി എം. ലിജു അറിയിച്ചു.

സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ ഫയലുകൾ സഹകരണ വകുപ്പിന്റെ ഓഫീസുകളിൽ ദീർഘകാലം കെട്ടിക്കിടക്കുന്നതായി സഹകരണ മേഖലയിൽ നിന്ന് വ്യാപകമായ പരാതികൾ ഉയർന്നുവന്നിട്ടുണ്ട്. ഇതിന് ശാശ്വത പരിഹാരം കാണുന്നതിനായാണ് പുതിയ സംവിധാനം പരിഗണിക്കുന്നത്.

ഇതിന്റെ ഭാഗമായി സംസ്ഥാന ഐ.ടി. മിഷനുമായി വരും ദിവസങ്ങളിൽ ചർച്ചകൾ ആരംഭിക്കും. സഹകരണ സംഘങ്ങളെയും ഏകജാലക സംവിധാനത്തിന്റെ ഭാഗമാക്കുന്നതിലൂടെ ഓരോ ഫയലിന്റെയും നിലവിലെ സ്ഥിതി അറിയാനും നടപടിക്രമങ്ങളുടെ പുരോഗതി നിരീക്ഷിക്കാനും സാധിക്കും.

ഫയലുകൾ ഏത് ഓഫീസിലാണ് ഉള്ളത്, നിലവിൽ ഏത് ഉദ്യോഗസ്ഥന്റെ പരിഗണനയിലാണ്, തുടർനടപടി എന്താണ് തുടങ്ങിയ വിവരങ്ങൾ നിരീക്ഷിക്കാൻ കഴിയുന്ന സംവിധാനം നിലവിൽ വരുന്നതോടെ ഫയൽ പൂഴ്ത്തിവെപ്പും അനാവശ്യ കാലതാമസവും ഒഴിവാക്കാൻ സാധിക്കും .

സഹകരണ സംഘങ്ങളുടെ വിവിധ പ്രോജക്ടുകൾ ഉൾപ്പെടെയുള്ള ഫയലുകളിൽ സമയബന്ധിതമായി നടപടിയുണ്ടാകണമെന്നും മന്ത്രി വ്യക്തമാക്കി. സഹകരണ സ്ഥാപനങ്ങളുടെ ഫയലുകൾ ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കാൻ അനുവദിക്കില്ലെന്നും, നടപടിക്രമങ്ങൾ കൂടുതൽ സുതാര്യവും വേഗത്തിലുള്ളതുമാക്കുന്നതിനുള്ള ഇടപെടലുകൾ തുടരുമെന്നും എം. ലിജു പറഞ്ഞു.

| സഹകരണ വീക്ഷണം | ന്യൂസ് |