കാർത്തികപ്പള്ളി: കേരള സർക്കാർ നടപ്പിലാക്കുന്ന 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി സഹകരണ വകുപ്പിന്റെ 'ആശ്വാസ്-2026' പദ്ധതിയുടെ താലൂക്ക് തല അദാലത്ത് ഓഗസ്റ്റ് 19 ബുധനാഴ്ച രാവിലെ 11:00-ന് നടക്കും. കാർത്തികപ്പള്ളി താലൂക്ക് സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) ഓഫീസിൽ വെച്ച് നടക്കുന്ന അദാലത്തിൽ ബഹു. സഹകരണവകുപ്പ് മന്ത്രി ശ്രീ. എം. ലിജു മുഖ്യാതിഥിയായി പങ്കെടുക്കും.

അർഹരായ മുഴുവൻ ആളുകളിലേക്കും പദ്ധതിയുടെ ആനുകൂല്യങ്ങൾ എത്തിക്കുന്നതിനായി വിപുലമായ പങ്കാളിത്തത്തോടെ താലൂക്ക് തലത്തിൽ അദാലത്തുകൾ സംഘടിപ്പിക്കാൻ മന്ത്രി നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അദാലത്തിൽ ലഭിക്കുന്ന പ്രധാന ഇളവുകൾ:

  • പലിശ ഇളവ്: കാലപ്പഴക്കമുള്ള കുടിശ്ശിക വായ്പകൾ ഒറ്റത്തവണയായി അടച്ചുതീർക്കുന്നവർക്ക് പലിശ ഇളവുകൾ ലഭ്യമാകും.

  • സാമ്പത്തിക ബാധ്യത തീർപ്പാക്കൽ: ഗുരുതരമായ രോഗം ബാധിച്ചവരുടെ കുടുംബാംഗങ്ങൾ, മാതാപിതാക്കൾ മരണപ്പെട്ട ശേഷവും വായ്പ ബാധ്യതയായി നിലനിൽക്കുന്ന മക്കൾ തുടങ്ങിയവരുടെ സാമ്പത്തിക സ്ഥിതിയും വായ്പ തുകയും കണക്കിലെടുത്ത് പരമാവധി ഇളവുകൾ നൽകി ബാധ്യതകൾ തീർപ്പാക്കി നൽകും.

പ്രസ്തുത ചടങ്ങിൽ കാർത്തികപ്പള്ളി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ശ്രീ. എസ്. നസീം, സംഘം പ്രസിഡന്റുമാർ, താലൂക്കിലെ പ്രമുഖ സഹകാരികൾ എന്നിവരും പങ്കെടുക്കും.ആശ്വാസ്-2026 പദ്ധതിയുടെ ആനുകൂല്യങ്ങൾക്ക് അർഹരായ എല്ലാ ഗുണഭോക്താക്കളും സഹകരണ അംഗങ്ങളും ഓഗസ്റ്റ് 19-ന് നടക്കുന്ന താലൂക്ക് തല അദാലത്തിൽ പങ്കെടുത്ത് അവസരം പ്രയോജനപ്പെടുത്തണമെന്ന് കാർത്തികപ്പള്ളി അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) ഷിബു കുമാർ ആർ .എൻ അറിയിച്ചു.