കായംകുളം: സഹകരണ മന്ത്രി എം. ലിജുവിന്റെ താലൂക്കായ കാർത്തികപ്പള്ളിയിൽ സംഘടിപ്പിച്ച താലൂക്ക് തല അദാലത്തിൽ 219 അപേക്ഷകൾ പരിഗണിച്ചു. ഇതിൽ ബഹുഭൂരിപക്ഷം പരാതികൾക്കും പരിഹാരം കാണാൻ കഴിഞ്ഞതായി അധികൃതർ അറിയിച്ചു.

വായ്പാ കുടിശ്ശികയുള്ളവർക്ക് ആശ്വാസം നൽകുന്നതിനായി സംസ്ഥാന സഹകരണ വകുപ്പ് നടപ്പാക്കുന്ന ‘ആശ്വാസ് 2026’ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ആനുകൂല്യങ്ങൾ സഹകാരികൾക്ക് കൃത്യമായി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് അദാലത്ത് സംഘടിപ്പിച്ചത്.

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ‘ആശ്വാസ് 2026’ പദ്ധതി പ്രഖ്യാപിച്ചത്. സഹകരണ മന്ത്രി എം. ലിജുവിന്റെ പ്രത്യേക താൽപര്യപ്രകാരമാണ് പദ്ധതി വിഭാവനം ചെയ്തത്.

ജൂൺ ഒന്നിന് ആരംഭിച്ച പദ്ധതി സെപ്റ്റംബർ 30 വരെ നീട്ടിയിട്ടുണ്ട്. വായ്പാ കുടിശ്ശികയുള്ളവർക്ക് പദ്ധതിയുടെ ആനുകൂല്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി കുടിശ്ശിക തീർപ്പാക്കുന്നതിനുള്ള അവസരമാണിതെന്ന് മന്ത്രി പറഞ്ഞു.

സഹകരണ സംഘങ്ങളിലെ വായ്പാ കുടിശ്ശിക കുറയ്ക്കുന്നതിനും കുടിശ്ശികക്കാരായ സഹകാരികൾക്ക് ആശ്വാസം നൽകുന്നതിനും ‘ആശ്വാസ് 2026’ പദ്ധതി സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് അർഹരായവർ അവസരം പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

സഹകരണ വീക്ഷണം NEWS