തിരുവനന്തപുരം: സഹകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്ത് കൃത്യമായി പെൻഷൻ വിഹിതം അടച്ചിരുന്ന ജീവനക്കാർക്ക് പിന്നീട് പുറപ്പെടുവിച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പെൻഷൻ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
അർഹരായ പരാതിക്കാർക്ക് പെൻഷൻ അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന സഹകരണ പെൻഷൻ ബോർഡിന് കമ്മീഷൻ നിർദ്ദേശം നൽകി. 2026 ആഗസ്റ്റ് 18ന് ബഹു. കമ്മീഷൻ അംഗം ഗീത. വി പുറപ്പെടുവിച്ച ഉത്തരവിലാണ് നിർദ്ദേശം.
സഹകരണ സ്ഥാപനങ്ങളിലെ ദിനനിക്ഷേപ ഏജന്റുമാർക്കും സർക്കാർ ഉത്തരവ് പ്രകാരം സ്ഥിരപ്പെടുത്തിയ ജീവനക്കാർക്കും പെൻഷൻ ആനുകൂല്യം ലഭിക്കാത്തതുമായി ബന്ധപ്പെട്ട പരാതികളാണ് കമ്മീഷൻ പരിഗണിച്ചത്. 19.09.2019ലെ സഹ/എ3/235/2018/സഹ. നമ്പർ സർക്കാർ കത്തിലെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരാതിക്കാർക്ക് പെൻഷൻ നിഷേധിച്ചതെന്ന് റിപ്പോർട്ടുകളിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ പരാതിക്കാർ ജോലി ചെയ്തിരുന്ന കാലയളവിൽ നിലവിലുണ്ടായിരുന്ന വ്യവസ്ഥകൾ അനുസരിച്ച് പെൻഷൻ വിഹിതം അടച്ചിരുന്നതായി കമ്മീഷൻ നിരീക്ഷിച്ചു. പിന്നീട് പുറപ്പെടുവിച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പെൻഷൻ തടയുന്നത് അംഗീകരിക്കാനാകില്ലെന്നും ഉത്തരവിൽ വ്യക്തമാക്കി.
“പെൻഷൻ വിഹിതം കൃത്യമായി അടച്ചവർക്ക് ആനുകൂല്യം നിഷേധിക്കരുത്”
അഡീഷണൽ രജിസ്ട്രാർ/സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ട് പ്രകാരം 2019ലെ കത്ത് ഒരു നിർദ്ദേശം മാത്രമാണെന്നും അതിന് പൂർവ്വകാല പ്രാബല്യമില്ലെന്നും കമ്മീഷൻ വിലയിരുത്തിയാണ് ഉത്തരവ് നൽകിയിട്ടുള്ളത്. ജോലിയിൽ പ്രവേശിക്കുമ്പോൾ നിലവിലുണ്ടായിരുന്ന വ്യവസ്ഥകൾ പ്രകാരം പെൻഷൻ വിഹിതം അടച്ചുകൊണ്ടിരുന്നവർക്ക് പിന്നീട് ഉണ്ടായ നിർദ്ദേശത്തിന്റെ പേരിൽ പെൻഷൻ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷൻ വ്യക്തമാക്കി.
പരാതിക്കാരിയായ ബി .പുഷ്പവല്ലിയുടെ ഭർത്താവ് എം.ശിവാനന്ദൻ 2014 ജൂൺ 4 മുതൽ 2019 ഡിസംബർ 12 വരെ പെൻഷൻ വിഹിതം അടച്ചിരുന്നതായും രേഖകളിൽ നിന്ന് വ്യക്തമായതായി ഉത്തരവിൽ പറയുന്നു.
പെൻഷൻ നൽകാൻ നടപടി സ്വീകരിക്കണം
പരാതികൾ പരിഗണിച്ച മനുഷ്യാവകാശ കമ്മീഷൻ, 2019ലെ സർക്കാർ കത്തിന്റെ അടിസ്ഥാനത്തിൽ പെൻഷൻ നിഷേധിച്ച നടപടി മനുഷ്യാവകാശ ലംഘനമാണെന്ന്നിരീക്ഷിച്ചു.
ഇവർക്കു പെൻഷൻ നൽകുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന സഹകരണ പെൻഷൻ ബോർഡിന് നിർദ്ദേശം നൽകിയാണ് പരാതികൾ തീർപ്പാക്കിയത്.
ഉത്തരവിന്റെ പകർപ്പ് പരാതിക്കാർക്കും സംസ്ഥാന സഹകരണ പെൻഷൻ ബോർഡിനും അയക്കാനും കമ്മീഷൻ നിർദ്ദേശിച്ചു.
സഹകരണ ജീവനക്കാരിൽ നിന്നും വിഹിതം വാങ്ങി പെൻഷൻ നൽകാതിരിക്കുകയും , നിയമ പിൻബലമില്ലാതെ കൂടുതൽ തുക പെൻഷൻ ഫണ്ടിലേക്ക് അടപ്പിക്കുന്നതും പരാതിക്കാർ മനുഷ്യാവകാശ കമ്മീഷൻ മുൻപാകെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് നൂറുകണക്കിന് സഹകരണ ജീവനക്കാർക്ക് സഹായമാകുമെന്ന് KCEF ആലപ്പുഴ ജില്ലാ സെക്രട്ടറി അരുൺ ശിവാനന്ദൻ പറഞ്ഞു.സഹകരണ ജീവനക്കാരിൽ നിന്നും ഭീമമായ തുക വിഹിതം വാങ്ങി തുച്ഛമായ പെൻഷൻ നല്കുന്നതിനെതിരെയുള്ള പോരാട്ടം തുടരുമെന്നും, സഹകരണ മേഖലയിലെ മുഴുവൻ ആളുകൾക്കും മാന്യമായ പെൻഷൻ വാങ്ങി നൽകുന്നതിന് സംഘടനാ പ്രതിജ്ഞാബദ്ധമാണെന്ന് KCEF സംസ്ഥാന പ്രസിഡൻറ് ബിനു കാവുങ്കലും പറഞ്ഞു.