വികാസ് RTK
സ്വർണ്ണപ്പണയ വായ്പാ രംഗത്ത് ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും കടുത്ത ആശങ്ക സൃഷ്ടിച്ച് പുതിയ തലമുറ സ്വർണ്ണാഭരണങ്ങൾ. കാഴ്ചയിൽ നല്ല കനവും ഭാരവും തോന്നിക്കുന്നതും BIS ഹാൾമാർക്കോടു കൂടി വിപണിയിൽ എത്തുന്നതുമായ 'ഇലക്ട്രോഫോമിംഗ് 22 കാരറ്റ്' ആഭരണങ്ങളാണ് ബാങ്കിംഗ് മേഖലയിൽ പുതിയ പ്രതിസന്ധി തീർക്കുന്നത്.
ഇത്തരം ആഭരണങ്ങൾ വ്യാജമോ നിയമവിരുദ്ധമോ അല്ല; കേന്ദ്ര സർക്കാരും BIS-ഉം അംഗീകരിച്ച തികച്ചും നിയമാനുസൃതമായ നിർമ്മാണ രീതിയാണിത്. വിപണിയിൽ വർഷങ്ങളായി വ്യാപകമായി പ്രചാരത്തിലുള്ള ഇത്തരം ആഭരണങ്ങൾ സാധാരണക്കാരുടെ കൈവശം ധാരാളമായുണ്ട്. അതിനാൽ തന്നെ ഏത് നിമിഷവും സാധാരണ സ്വർണ്ണത്തിനൊപ്പം ഇവ ബാങ്കുകളിൽ പണയത്തിനെത്താം.
എന്താണ് ഇലക്ട്രോഫോമിംഗ്? ബാങ്കുകൾ കുഴങ്ങുന്നത് എവിടെ?
കുറഞ്ഞ ഭാരത്തിൽ വലിയ വലിപ്പവും മികച്ച ത്രിമാന (3D) രൂപഭംഗിയുമുള്ള ആഭരണങ്ങൾ നിർമ്മിക്കാൻ ജ്വല്ലറി വ്യവസായം ഉപയോഗിക്കുന്ന രാസ-വൈദ്യുത പ്രക്രിയയാണിത്. ആഭരണങ്ങൾക്ക് കൃത്യമായ ആകൃതി നൽകുന്നതിനായി ഉള്ളിൽ നേർത്ത ബേസ് മെറ്റൽ ലോഹങ്ങൾ കൊണ്ടോ മെഴുക് കൊണ്ടോ മോൾഡുകൾ നിർമ്മിച്ച്, അതിന് മുകളിലേക്ക് സ്വർണ്ണം നേർത്ത പാളിയായി നിക്ഷേപിച്ചാണ് ഇവ ഉണ്ടാക്കുന്നത്.
മുഴുവൻ സ്വർണ്ണമല്ല, പക്ഷെ ഭാരം കൂടുതൽ: ഇത്തരം ആഭരണങ്ങൾ പൂർണ്ണമായും സ്വർണ്ണത്തിൽ തീർത്തതല്ല. ഉള്ളിലെ നേർത്ത ലോഹ മോൾഡുകളും മെഴുകും കാരണം ആഭരണത്തിന് കൃത്രിമമായി ഭാരം കൂടുന്നു. എന്നാൽ പുറംഭാഗം യഥാർത്ഥ 22 കാരറ്റ് സ്വർണ്ണമായി നിലനിൽക്കുകയും ചെയ്യും.
BIS ഹാൾമാർക്കിംഗിന്റെ പരിമിതി: പുറംപാളി യഥാർത്ഥ 22 കാരറ്റ് (916) സ്വർണ്ണമായതിനാൽ നിയമപരമായി തന്നെ BIS മുദ്രയും ആറക്ക HUID തിരിച്ചറിയൽ നമ്പറും ലഭിക്കുന്നു. എന്നാൽ BIS ഹാൾമാർക്കിംഗ് ആഭരണത്തിലെ ലോഹത്തിന്റെ പരിശുദ്ധി മാത്രമേ സാക്ഷ്യപ്പെടുത്തുന്നുള്ളൂ; ആകെ ഭാരത്തിൽ എത്രത്തോളം സ്വർണ്ണമുണ്ടെന്ന് വ്യക്തമാക്കുന്നില്ല.
പരമ്പരാഗത പരിശോധനകൾ പരാജയപ്പെടുന്നു: കല്ലിൽ ഉരച്ചുനോക്കൽ, ആസിഡ് ടെസ്റ്റ് തുടങ്ങിയ പരമ്പരാഗത പരിശോധനകളിൽ പുറംഭാഗം കൃത്യമായ 22 കാരറ്റായി തെളിയും.
മറഞ്ഞിരിക്കുന്ന ഭാരവും സാന്ദ്രതാ വ്യത്യാസവും: ഉള്ളിലെ മെറ്റൽ കോറുകളോ മെഴുകോ അരക്കോ പൂർണ്ണമായി നീക്കം ചെയ്യാതിരിക്കുകയോ ചെയ്താൽ ആകെ ഭാരം വൻതോതിൽ വർദ്ധിക്കും. നല്ല പഴക്കമുള്ള ആഭരണങ്ങളിൽ ഉള്ളിലെ പദാർത്ഥങ്ങൾ ഉണങ്ങിപ്പിടിച്ച് സാധാരണ പരിശോധനകളിൽ കണ്ടെത്താൻ കൂടുതൽ പ്രയാസമുണ്ടാക്കുന്നു.
ലേലത്തിലെ കനത്ത നഷ്ടം: വായ്പ തിരിച്ചടയ്ക്കാതെ വരുമ്പോൾ ലേലം ചെയ്യുകയോ ഉരുക്കുകയോ ചെയ്യുമ്പോഴാണ് ഉള്ളിൽ അന്യലോഹങ്ങളും മെഴുകുമാണെന്ന വിവരം പുറത്തുവരുന്നത്. ആകെ തൂക്കത്തിന്റെ 30 മുതൽ 50 ശതമാനം വരെ മാത്രമേ യഥാർത്ഥ സ്വർണ്ണം ഉണ്ടാകൂ. ബാക്കി തുക ബാങ്കുകൾക്ക് നികത്താനാകാത്ത നഷ്ടമായി മാറുന്നു.
ബാങ്കുകൾ സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ
പ്രാഥമിക നിരീക്ഷണം: വലിപ്പത്തിന് ആനുപാതികമല്ലാത്ത കുറഞ്ഞ ഭാരമുള്ള വലിയ വളകൾ, കട്ടി മാലകൾ, ലോക്കറ്റുകൾ, നല്ല പഴക്കമുള്ള കട്ടി കുറഞ്ഞ ഉരുപ്പടികൾ എന്നിവയിൽ പ്രത്യേക ജാഗ്രത പുലർത്തുക.
ശബ്ദ പരിശോധന: കല്ലിലോ ഗ്ലാസിലോ തട്ടുമ്പോൾ പൊള്ളയായതോ അന്യലോഹ കോറുകൾ അടങ്ങിയതോ ആയ ആഭരണങ്ങളിൽ നിന്നുണ്ടാകുന്ന കിലുക്കത്തിലെ വ്യത്യാസം ശ്രദ്ധിക്കുക.
സുഷിര പരിശോധന: മെഴുക് നീക്കം ചെയ്യാൻ നിർമ്മാണ വേളയിൽ ഉണ്ടാക്കുന്ന സൂക്ഷ്മ സുഷിരങ്ങൾ അടച്ച നിലയിലാണെങ്കിൽ, ചൂടാക്കിയ സൂചി ഉപയോഗിച്ച് ഉള്ളിൽ മെഴുകോ അരക്കോ ഉണ്ടോ എന്ന് പരിശോധിക്കുക.
സാന്ദ്രതാ നിർണ്ണയം: സംശയമുള്ളതും വലിയ വലിപ്പമുള്ളതുമായ ആഭരണങ്ങൾക്ക് സ്പെസിഫിക് ഗ്രാവിറ്റി യന്ത്രം ഉപയോഗിച്ചുള്ള സാന്ദ്രതാ പരിശോധന നിർബന്ധമാക്കുക. ആഭരണത്തിന്റെ ഉൾക്കാമ്പിലെ ലോഹവ്യതിയാനം തിരിച്ചറിയാൻ ഇത് സഹായിക്കും.
അൾട്രാസോണിക് സ്കാനിംഗ്: ഉയർന്ന തുകയുടെ പണയങ്ങളിൽ അൾട്രാസോണിക് തിക്ക്നസ്സ് ഗേജ് അല്ലെങ്കിൽ എക്സ്-റേ സ്കാനിംഗ് വഴി ആഭരണത്തിന്റെ ഉൾഭാഗം മുഴുവൻ സ്വർണ്ണമാണോ എന്ന് ഉറപ്പുവരുത്തുക.
BIS ഹാൾമാർക്ക് മാത്രം മുഖവിലയ്ക്കെടുക്കാതെ, ആഭരണത്തിന്റെ യഥാർത്ഥ സ്വർണ്ണത്തൂക്കം ശാസ്ത്രീയമായി ഉറപ്പാക്കി മാത്രമേ വായ്പ അനുവദിക്കാവൂ. വിപണിയിലെ സാങ്കേതിക മുന്നേറ്റങ്ങൾക്ക് അനുസൃതമായി അപ്രൈസർമാർക്ക് കൃത്യമായ പരിശീലനവും ശാഖകളിൽ ആധുനിക പരിശോധനാ സംവിധാനങ്ങളും ഉറപ്പാക്കുക മാത്രമാണ് ധനകാര്യ സ്ഥാപനങ്ങൾക്ക് മുന്നിലുള്ള സുരക്ഷിത മാർഗ്ഗം.