കോഴിക്കോട്: സഹകരണ മേഖലയെക്കുറിച്ച് എൻ.കെ. രാമചന്ദ്രൻ തയ്യാറാക്കിയ ‘പാഠം, പഠനം, പ്രതിരോധം’ എന്ന പുസ്തകം ആഗസ്റ്റ് 29ന് പ്രകാശനം ചെയ്യും. കോഴിക്കോട് മുതലക്കുളം മൈതാനിയിൽ വൈകീട്ട് മൂന്നിന് നടക്കുന്ന ചടങ്ങിൽ സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ജയരാജൻ, പ്രമുഖ സഹകാരി മനയത്ത് ചന്ദ്രന് നൽകി പുസ്തകം പ്രകാശനം ചെയ്യും.

സഹ ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ടവരുടെ ആശയങ്ങളും വിവിധ സഹകരണ സ്ഥാപനങ്ങളുടെ ചരിത്രവും ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ രൂപംകൊണ്ട സഹ ബുക്‌സിന്റെ ആദ്യ പ്രസിദ്ധീകരണമാണിത്.

19 ലേഖനങ്ങളുടെ സമാഹാരമാണ് ‘പാഠം, പഠനം, പ്രതിരോധം’. സഹകരണ മേഖലയെക്കുറിച്ചുള്ള ലേഖനങ്ങൾ മാത്രമായി പുസ്തകത്തെ പരിമിതപ്പെടുത്താതെ, കേന്ദ്രസർക്കാരിന്റെ സഹകരണ മേഖലയിലെ പരിഷ്‌കാരങ്ങളും കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളും പഠിച്ച് അവതരിപ്പിക്കാനാണ് ശ്രമിച്ചതെന്ന് എൻ.കെ. രാമചന്ദ്രൻ പറഞ്ഞു.

കഴിഞ്ഞ രണ്ടുവർഷത്തിലേറെയായി കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ മുഖമാസികയായ ‘കോഓപ്പറേറ്റീവ് വർക്കറിൽ’ പ്രസിദ്ധീകരിച്ച ലേഖനങ്ങളാണ് പുസ്തകരൂപത്തിൽ പുറത്തിറക്കുന്നത്. സഹകരണ മേഖലയെക്കുറിച്ച് കാര്യമായ പഠനങ്ങൾ നടക്കാത്തതിന്റെ ബോധ്യം പുസ്തകത്തിന്റെ രചനാ ഘട്ടത്തിൽ കൂടുതൽ ശക്തമായെന്നും അദ്ദേഹം വ്യക്തമാക്കി. ലേഖനങ്ങൾ പുസ്തകമാക്കാൻ തയ്യാറായ സഹ ബുക്‌സിനോടും അദ്ദേഹം നന്ദി അറിയിച്ചു.

അതേസമയം, കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ആഗസ്റ്റ് 29ന് മുതലക്കുളം മൈതാനിയിൽ ‘സഹകരണ സഭ’ എന്ന പേരിൽ ജനകീയ സംവാദപരിപാടിയും സംഘടിപ്പിക്കും. സഹകരണ മേഖലയിലെ പ്രശ്‌നങ്ങളും ആശങ്കകളും സംബന്ധിച്ച് ജനങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരവാദപ്പെട്ടവർ മറുപടി പറയുന്ന രീതിയിലാണ് പരിപാടി.

സഹകരണ മേഖലയിലെ വിഷയങ്ങളെ ജനകീയവിചാരണയുടെ രൂപത്തിൽ അവതരിപ്പിക്കുന്ന ആദ്യ സംരംഭമായാണ് ‘സഹകരണ സഭ’യെ സംഘാടകർ വിശേഷിപ്പിക്കുന്നത്. ‘സഹകരണ സഭ’ നടക്കുന്ന അതേ വേദിയിൽ പുസ്തക പ്രകാശനം നടക്കുന്നതിന്റെ സന്തോഷവും എൻ.കെ. രാമചന്ദ്രൻ പങ്കുവച്ചു.

പുസ്തക പ്രകാശന ചടങ്ങിലും ‘സഹകരണ സഭ’യിലും എല്ലാവരുടെയും സാന്നിധ്യവും സഹകരണവും അദ്ദേഹം അഭ്യർഥിച്ചു. പുസ്തകം വായിച്ച ശേഷം വായനക്കാരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.