തിരുവനന്തപുരം: സഹകരണ സ്ഥാപനങ്ങൾക്ക് പ്രൊഫഷണൽ സേവനങ്ങളും സാങ്കേതിക പിന്തുണയും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ “UNITY – A Solution Provider for Co-operatives” എന്ന കൺസൾട്ടൻസി പ്രവർത്തനം ആരംഭിക്കുന്നു. സഹകരണ മേഖലയിലെ ദീർഘകാല പ്രവർത്തനപരിചയമുള്ള വിരമിച്ച ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സ്ഥാപനം പ്രവർത്തനം ആരംഭിക്കുന്നത്.സംരംഭത്തിന്റെ ഉദ്ഘാടനം 2026 ഓഗസ്റ്റ് 20-ന് രാവിലെ 10:30-ന് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ. ഡി. സജിത് ബാബു IAS ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് പുതിയ സംരംഭത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.
പുതിയ സഹകരണ സംഘങ്ങളുടെ രജിസ്ട്രേഷൻ, നിയമ-ചട്ട ഭേദഗതികൾ സംബന്ധിച്ച നിർദേശങ്ങൾ, പദ്ധതി റിപ്പോർട്ടുകളും ഡി.പി.ആറുകളും തയ്യാറാക്കൽ, നാബാർഡ്, എൻ.സി.ഡി.സി., കേരള ബാങ്ക് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് ധനസഹായം ലഭ്യമാക്കുന്നതിനുള്ള പ്രോജക്ട് കൺസൾട്ടൻസി എന്നിവയാണ് പ്രധാന സേവനങ്ങൾ.
ഇതിനുപുറമെ അക്കൗണ്ടിംഗ്, ഓഡിറ്റ് സഹായം, ജി.എസ്.ടി.-ഇൻകം ടാക്സ് സേവനങ്ങൾ, തിരഞ്ഞെടുപ്പ് മാനേജ്മെന്റ്, നിയമപരമായ നടപടികൾ, മധ്യസ്ഥ നടപടികൾ, ഓഡിറ്റ് അപാകതകൾ പരിഹരിക്കുന്നതിനുള്ള വിദഗ്ധ സഹായം എന്നിവയും ലഭ്യമാക്കും. ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കും പരിശീലനം നൽകുന്നതിനൊപ്പം വിവിധ ഐ.ടി. സേവനങ്ങളും കൺസൾട്ടൻസി വഴി ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.
സഹകരണ സ്ഥാപനങ്ങളുടെ സുതാര്യതയും കാര്യക്ഷമതയും വർധിപ്പിക്കുകയും കാലാനുസൃതമായ മാറ്റങ്ങൾക്കനുസരിച്ച് പ്രവർത്തനങ്ങളെ നവീകരിക്കുന്നതിന് ആവശ്യമായ വിദഗ്ധ പിന്തുണ നൽകുകയും ചെയ്യുക എന്നതാണ് യൂണിറ്റിയുടെ പ്രധാന ലക്ഷ്യം. ഓരോ സഹകരണ സ്ഥാപനത്തിന്റെയും പ്രത്യേക ആവശ്യങ്ങൾ വിലയിരുത്തി അതിനനുസരിച്ചുള്ള സേവന പാക്കേജുകളാണ് ഒരുക്കുന്നത്.
ആറ്റിങ്ങൽ സഹകരണ ഭവന് സമീപം ജഡ്ജസ് ലെയിനിലാണ് യൂണിറ്റിയുടെ ഓഫീസ് പ്രവർത്തിക്കുന്നത്. സഹകരണ മേഖലയിലെ സ്ഥാപനങ്ങൾക്ക് ഒരിടത്ത് നിന്ന് വിവിധ വിദഗ്ധ സേവനങ്ങൾ ലഭ്യമാക്കുന്ന സമഗ്ര കൺസൾട്ടൻസി സംവിധാനമാണ് യൂണിറ്റി ഒരുക്കുന്നത്.