👆 Judgement of the Honourable High Court of Kerala Case: WP(C) Nos.218/2025 & Connected Cases Date: 04.12.2025

കേസിൻ്റെ പശ്ചാത്തലം

ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടതിനെ തുടർന്ന് കാലാവധിയെത്തിയ സ്ഥിരനിക്ഷേപതുകകൾ തിരിച്ചു നൽകാത്തതിൻ്റെ പേരിൽ പത്തനംതിട്ടയിലെ വെൺകുറിഞ്ഞി സർവ്വീസ് സഹകരണ ബേങ്കിനെതിരെ 17 നിക്ഷേപകർ നൽകിയ കേസുകളിൽ ബഹു: ഹൈക്കോടതി സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച സുപ്രധാന വിധിയാണിത്.

ബഹു: കോടതി മുമ്പാകെ ബേങ്ക് ബോധിപ്പിച്ചത്

താഴെ പ്രസ്താവിച്ച കാര്യങ്ങൾ ബഹു: കോടതി മുമ്പാകെ ബേങ്ക് സമ്മതിച്ചു.

1. ബേങ്ക് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണ്.

2. നിക്ഷേപകർക്ക് തുക തിരിച്ചുനൽകാൻ ബേങ്കിൽ പണമില്ല.

3. കുടിശ്ശിക വായ്പക്കാർക്കെതിരെ 41 ആർബിട്രേഷൻ കേസുകളിൽ ₹1.30 കോടി രൂപയുടെ അവാർഡുകൾ ഇതിനകം ബേങ്ക് സമ്പാദിച്ചിട്ടുണ്ട്.

4. 30 കോടി രൂപയുടെ ധനസഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള ഒരു പുനരുദ്ധാരണ സ്കീം സർക്കാർ മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്.

5. അവാർഡുകൾ പ്രകാരമുള്ള കുടിശ്ശിക തുകകൾ പിരിച്ചെടുക്കാൻ സാധിച്ചാൽ മാത്രമേ ബേങ്കിന് നിക്ഷേപതുക തിരിച്ചു നൽകാൻ സാധിക്കുകയുള്ളൂ.

ഡിപ്പോസിറ്റ് ഗ്യാരണ്ടി ഫണ്ട് ബോർഡിൻ്റെ വാദങ്ങൾ

1. സംഘങ്ങൾ സമാപ്തീകരണ നടപടികൾക്ക് വിധേയമാവുമ്പോൾ മാത്രമേ ഡിപ്പോസിറ്റ് ഗ്യാരണ്ടി ഫണ്ടിൽ നിന്ന് തുക അനുവദിക്കാനാവൂ.

2. ബേങ്ക് നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതിനാൽ ഡിപ്പോസിറ്റ് ഗ്യാരണ്ടി സ്കീമിൽ നിന്ന് തുക ബേങ്കിലെ നിക്ഷേപകർക്ക് അവകാശപ്പെടാനാവില്ല.

3. റിവൈവൽ സ്കീം സർക്കാർ അംഗീകരിച്ചാൽ മാത്രമേ പുനരുദ്ധാരണത്തിനുള്ള തുക അനുവദിക്കാനാവൂ.

മേൽ സാഹചര്യത്തിൽ, കുടിശ്ശിക വരുത്തിയവരിൽ നിന്ന് വായ്പാ തുകകൾ അടിയന്തിര പ്രാധാന്യത്തോടെ എത്രയും വേഗം ബേങ്കിന് എങ്ങിനെ തിരിച്ചു പിടിക്കാനാവും എന്ന വിഷയമാണ് ഈ വിധിയിൽ ബഹു: കോടതി മുഖ്യമായി പരിഗണിച്ചത്.

🔸🔸🔸🔸🔸🔸

ഇതുമായി ബന്ധപ്പെട്ട് KCS Act,1969 ലെ വകുപ്പ് 76(b) ക്ക് ബഹു: കോടതി സുപ്രധാനമായ വ്യാഖ്യാനം നൽകി.

കേരള സഹകരണ നിയമം വകുപ്പ് 70 പ്രകാരം പുറപ്പെടുവിച്ച അവാർഡുകൾ 1968 ലെ കേരള റവന്യൂ റിക്കവറി ആക്‌ട് മുഖാന്തിരം ഈടാക്കാം.

റവന്യൂ റിക്കവറി ആക്‌ടിൻ്റെ വകുപ്പ് 71 പ്രകാരമുള്ള പ്രത്യേക ഗവൺമെൻ്റ് നോട്ടിഫിക്കേഷൻ ഇതിന് ആവശ്യമില്ല.

കേരള സഹകരണ നിയമത്തിലെ വകുപ്പ് 76(b) പ്രകാരമുള്ള റവന്യൂ റിക്കവറി നടപടികൾ നേരിട്ട് നടത്താം.

എന്താണ് ഇതിൻ്റെ പ്രാധാന്യം?

സാധാരണയായി ബേങ്കുകൾ സഹകരണ വകുപ്പ് മുഖാന്തിരമോ സിവിൽ കോടതി വഴിയോ സർഫാസി ആക്‌ട് പോലുള്ള നിയമനടപടികളിലൂടെയാണ് റിക്കവറി നടപടികൾ സ്വീകരിക്കുന്നത്.

എന്നാൽ, റവന്യൂ റിക്കവറി നടപടികൾക്ക് ഇവയേക്കാൾ വേഗത്തിൽ ഫലമുണ്ടാക്കാൻ സാധിക്കുന്നതാണെന്നും അതിനാൽ ബേങ്ക് ഈ നടപടികൾ അടിയന്തിരമായി സ്വീകരിക്കേണ്ടതാണെന്നും ബഹു: കോടതി വിധിച്ചു.

ഭാവിയിൽ സഹകരണ നിയമം വകുപ്പ് 70 പ്രകാരമുള്ള അവാർഡുകൾ എപ്പോഴെല്ലാം ബേങ്കിന് ലഭിക്കുന്നുവോ, അപ്പോഴെല്ലാം അടിയന്തിര പ്രാധാന്യത്തോടെ ബേങ്ക് KCS Act വകുപ്പ് 76(b) പ്രകാരമുള്ള റവന്യൂ റിക്കവറി നടപടികൾ ആരംഭിക്കണം.

റവന്യൂ വകുപ്പിനുള്ള സുപ്രധാന നിർദ്ദേശം

റവന്യൂ റിക്കവറി ക്കുള്ള അപേക്ഷകൾ ഓൺലൈൻ പോർട്ടലിലൂടെ സമർപ്പിക്കേണ്ടതായതിനാൽ, സഹകരണ ബേങ്കുകൾക്ക് അപേക്ഷ സമർപ്പിക്കാനാവുന്ന വിധത്തിൽ രണ്ടാഴ്ചക്കകം പോർട്ടലിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ റവന്യൂ വകുപ്പിൻ്റെ പ്രിൻസിപ്പാൾ സെക്രട്ടറിക്ക് ബഹു: കോടതി നിർദ്ദേശം നൽകി.

നിക്ഷേപകരുടെ മുൻഗണനാ ലിസ്റ്റ് തയ്യാറാക്കണം

നിക്ഷേപത്തിൻ്റെ കാലാവധി പൂർത്തിയായ തീയ്യതിയുടെ അടിസ്ഥാനത്തിൽ തുക തിരിച്ചുനൽകുന്നതിന് നിക്ഷേപകരുടെ മുൻഗണനാ ലിസ്റ്റ് ബേങ്ക് തയ്യാറാക്കണം. ബേങ്കിൻ്റെ നോട്ടീസ് ബോർഡിൽ ടി. നോട്ടീസ് പ്രസിദ്ധപ്പെടുത്തണം. ആവശ്യപ്പെടുന്ന നിക്ഷേപകർക്ക് ലിസ്റ്റിൻ്റെ പകർപ്പ് നൽകണം.

റവന്യൂ റിക്കവറി നടപടികളിലൂടെ റിക്കവർ ചെയ്ത തുക സ്ഥിര നിക്ഷേപം നടത്തിയവർക്ക് നിക്ഷേപ തുക തിരിച്ചു നൽകാൻ മാത്രമേ ഉപയോഗിക്കാവൂ - മറ്റ് യാതൊരു ആവശ്യങ്ങൾക്കും പ്രസ്തുത തുക വിനിയോഗിക്കാവുന്നതല്ല.

🔸🔸🔸🔸🔸🔸

റിക്കവറി നടത്തുന്നതിന് ബേങ്കിന് വ്യത്യസ്ത നിയമനടപടിക്രമങ്ങൾ ഒരേസമയം വിനിയോഗിക്കാം

റിക്കവറി നടപടികൾക്ക് നിയമം ഒന്നിലധികം മാർഗ്ഗങ്ങൾ വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിൽ, ഒരേസമയം ബേങ്കിന് അവയെല്ലാം ഉപയോഗപ്പെടുത്താമെന്ന Transcore v. Union of India എന്ന കേസിൽ ബഹു: സുപ്രീം കോടതി പ്രസ്താവിച്ച വിധി ബേങ്കിന് റിക്കവറി നടപടികൾക്ക് ബാധകമാക്കാമെന്ന് ബഹു: കോടതി വിധിച്ചു.

അതായത്, സഹകരണ വകുപ്പ് മുഖാന്തിരമുള്ള റിക്കവറി നടപടികളും സിവിൽ കോടതി മുഖാന്തിരമുള്ള റിക്കവറി നടപടികളും റവന്യൂ റിക്കവറി ആക്ട് പ്രകാരമുള്ള റിക്കവറി നടപടികളും സംഘങ്ങൾക്ക് ഒരേ സമയം സ്വീകരിക്കാം.

സംഘങ്ങൾക്ക് വിധി പ്രധാനപ്പെട്ടതാകുന്നത് എന്തുകൊണ്ട്

താഴെ കൊടുത്ത കാര്യങ്ങൾ ബഹു: കോടതി അർത്ഥശങ്കയില്ലാത്തവിധം ഈ വിധിയിൽ വ്യക്തമാക്കി.

1. KCS Act Section 76(b) പ്രകാരമുള്ള റവന്യൂ റിക്കവറി നടപടികൾ സംഘങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്ന കൂടുതൽ ഫലപ്രദമായ സംവിധാനമാണ്.

2. സഹകരണ സംഘങ്ങൾ റവന്യൂ റിക്കവറി നടപടികൾ കൂടുതൽ സജീവമായി ഉപയോഗപ്പെടുത്തണം.

3. കുടിശ്ശികക്കാരിൽ നിന്ന് വേഗത്തിൽ കുടിശ്ശിക ഈടാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നത് നിക്ഷേപകരെ സംരക്ഷിക്കുന്നതിന് പ്രധാനപ്പെട്ടതാണ്.

4. റിക്കവറി നടപടികളിലൂടെ ഈടാക്കിയ തുക നിക്ഷേപം തിരിച്ചുനൽകാൻ സാധിക്കാത്ത സംഘങ്ങൾ, കാലാവധിയെത്തിയ സ്ഥിരനിക്ഷേപങ്ങൾ തിരിച്ചുനൽകുന്നതിന് വിനിയോഗിക്കണം - മറ്റാവശ്യങ്ങൾക്ക് ഈ തുക യാതൊരു കാരണവശാലും വിനിയോഗിക്കരുത്.

വിധിയുടെ സംഗ്രഹം

1. നിക്ഷേപകർക്ക് തുക തിരിച്ചു കിട്ടാൻ എല്ലാ അവകാശവുമുണ്ട് . എന്നാൽ, കുടിശ്ശികക്കാരിൽ നിന്ന് വായ്പാ തുക ഈടാക്കുന്നതുവരെ നിക്ഷേപകർ കാത്തുനിൽക്കണം.

2. KCS Act ൻ്റെ വകുപ്പ് 76(b) പ്രകാരമുള്ള റവന്യൂ റിക്കവറി നടപടികൾ സംഘങ്ങളെ സംബന്ധിച്ചേടത്തോളം നിയമസാധുതയുള്ളതും വേഗമേറിയതുമായ നടപടികളാണ്.

3. ആയതിന് പ്രത്യേക സർക്കാർ ഉത്തരവ് ആവശ്യമില്ല.

4. റിക്കവറി നടപടികളിലൂടെ ഈടാക്കിയ തുകകൾ സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട സംഘങ്ങൾ കാലാവധിയെത്തിയനിക്ഷേപ തുക തിരിച്ചു നൽകുന്നതിന് മാത്രമേ വിനിയോഗിക്കാവൂ.

5. റവന്യൂ ഡിപ്പാർട്മെൻ്റ് അടിയന്തിരമായി ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കണം.

🔹🔹🔹🔹🔹🔹🔹

കേരളത്തിലെ സഹകരണ ബേങ്കുകൾ/സംഘങ്ങളെ സംബന്ധിച്ചിടത്തോളം പ്രാധാന്യമർഹിക്കുന്ന വിധിയാണിത് - പ്രത്യേകിച്ചും, റിക്കവറി നടപടികളിലെ കാലതാമസം കാരണം നിക്ഷേപം തിരിച്ചുനൽകാൻ പ്രയാസപ്പെടുന്ന സംഘങ്ങളുടെ കാര്യത്തിൽ.

കേരളാ സഹകരണ നിയമം,1969 ലെ വകുപ്പ് 76(b) യെ പ്രയോജനപ്പെടുത്തിക്കൊണ്ട് ബേങ്കുകൾ/സംഘങ്ങൾക്ക് ശക്തമായ റിക്കവറി സംവിധാനം സൃഷ്ടിച്ചെടുക്കുന്നതിന് നിയമപരമായ അംഗീകാരം നൽകുന്നു എന്നതാണ് ഈ വിധിയുടെ ഏറ്റവും പ്രധാനപ്പെട്ട ഹൈലൈറ്റ്.

ഇതേവരെ, സഹകരണ വകുപ്പ് പ്രോത്സാഹിപ്പിക്കുകയോസംഘങ്ങൾ ശ്രദ്ധിക്കാതെ പോയതോ ആയ വകുപ്പ് 76(b) യുടെ പ്രാധാന്യം ഈ വിധി അടിവരയിട്ടുറപ്പിക്കുന്നു.