കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡിന് കീഴിലുള്ള പെൻഷൻകാർക്ക് 2026 ലെ ബയോമെട്രിക് മസ്റ്ററിംഗ് നടപടികൾ ജൂലൈ 17 മുതൽ ആരംഭിക്കും. സെപ്റ്റംബർ 30 വരെ സംസ്ഥാനത്തെ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിൽ എത്തിയാണ് ‘ജീവൻ രേഖ’ പോർട്ടൽ വഴി മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടത്.

പെൻഷൻ ബോർഡിൽ ബയോമെട്രിക് മസ്റ്ററിംഗിനുള്ള ആപ്ലിക്കേഷൻ ഫോം മുൻകൂട്ടി സമർപ്പിച്ചവർക്ക് മാത്രമേ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് നടത്താനാകൂ എന്ന് ബോർഡ് അറിയിച്ചു.

കിടപ്പുരോഗികളായ പെൻഷൻകാർക്ക് വേണ്ടി അക്ഷയ കേന്ദ്രത്തിൽ നിന്നുള്ള ജീവനക്കാർ വീട്ടിലെത്തി മസ്റ്ററിംഗ് നടത്തും. ഇതിനായി ബന്ധപ്പെട്ട വാർഡ് മെമ്പറുമായോ കൗൺസിലറുമായോ ബന്ധപ്പെടണമെന്ന് നിർദ്ദേശമുണ്ട്. 2025 ഡിസംബർ 30 വരെ പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സഹകരണ പെൻഷൻകാരും ഈ വർഷത്തെ ബയോമെട്രിക് മസ്റ്ററിംഗ് നിർബന്ധമായും പൂർത്തിയാക്കണമെന്ന് കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡ് അറിയിച്ചു. നിശ്ചിത സമയത്തിനുള്ളിൽ മസ്റ്ററിംഗ് പൂർത്തിയാക്കാത്തവരുടെ പെൻഷൻ തടസ്സപ്പെടാൻ സാധ്യതയുണ്ട്.