ആലപ്പുഴ: സഹകരണ മേഖലയിലെ ജീവനക്കാരുടെ സംഘടനയായ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് (KCEF) ആലപ്പുഴ ജില്ലാ കൗൺസിൽ 'സംഗമം–2026' ആഗസ്റ്റ് 8-ന് ശനിയാഴ്ച ആലപ്പുഴ ഡി.സി.സി. ഓഫീസിൽ നടക്കും. സഹകരണ വകുപ്പ് മന്ത്രി അഡ്വ. എം. ലിജു രാവിലെ 9.30 ന് ആരംഭിക്കുന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. രാവിലെ 8.30-ന് ജില്ലാ പ്രസിഡന്റ് പി.ബി.ഉണ്ണി പതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാകും. ജില്ലാ കൗൺസിൽ അംഗങ്ങൾ, സംസ്ഥാന-ജില്ലാ ഭാരവാഹികൾ, പ്രമുഖ സഹകാരികൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. സർവീസിൽ നിന്ന് വിരമിച്ച മുൻ സംസ്ഥാന സെക്രട്ടറി പി. രാധാകൃഷ്ണനെ ചടങ്ങിൽ KCEF സംസ്ഥാന പ്രസിഡന്റ് ബിനു കാവുങ്കൽ ഉപഹാരം നൽകി ആദരിക്കും. ഉച്ചയ്ക്ക് 2.15-ന് 'സഹകരണ മേഖലയിലെ ആധുനികവത്കരണത്തിന്റെ പ്രസക്തി' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ ബി. ബാബു പ്രസാദ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ആലപ്പുഴ നിയോജക മണ്ഡലം MLA എ .ഡി തോമസ്, കുട്ടനാട് നിയോജകമണ്ഡലം റെജി ചെറിയാൻ MLA, KCEF സംസ്ഥാന പ്രസിഡൻറ് ബിനു കാവുങ്കൽ , KCEF ജനറൽ സെക്രട്ടറി സി.വി. അജയൻ, KCEF ആലപ്പുഴ ജില്ലാ സെക്രട്ടറി അരുൺ ശിവാനന്ദൻ, തേഞ്ഞിപ്പലം റൂറൽ കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി ശ്രീജിത്ത് മുല്ലശ്ശേരി, ജനറൽ സെക്രട്ടറി ആഡിറ്റേർസ് &ഇൻസ്പെക്ടർസ് അസോസിയേഷൻ യു.എം. ഷാജി, ജനറൽ മാനേജർ കാലിക്കറ്റ് സിറ്റി കോ-ഓപ്പറേറ്റീവ് സൊസൈറ്റി സാജു ജെയിംസ്, എ.കെ. രാജൻ, ഇ.ഡി സാബു, ബിജു ഈരിക്കൽ, യു. മുഹമ്മദ്, ജി.എസ്. ശ്യാംനാഥ് തുടങ്ങി രാഷ്ട്രീയ-സഹകരണ മേഖലയിലെ പ്രമുഖ നേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കും.
സഹകരണ മേഖലയിലെ സമകാലിക വെല്ലുവിളികൾ, ജീവനക്കാരുടെ അവകാശ സംരക്ഷണം, ആധുനികവത്കരണത്തിന്റെ സാധ്യതകൾ എന്നിവ ചർച്ച ചെയ്യുന്നതിനുള്ള പ്രധാന വേദിയായാണ് 'സംഗമം–2026' സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. എല്ലാ പ്രതിനിധികളും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.