തിരുവനന്തപുരം: പ്രാഥമിക സഹകരണ സംഘങ്ങളുടെ പരിശോധനാ റിപ്പോർട്ടുകളില്ലാതെ 'കടലാസ് സംഘങ്ങൾക്ക്' (വ്യാജ/പ്രവർത്തനരഹിത സംഘങ്ങൾ) അംഗത്വം നൽകാനുള്ള കേരള ബാങ്ക് ഭരണസമിതിയുടെ നീക്കത്തിന് തിരിച്ചടി. വിവിധ സഹകരണ സംഘം പ്രസിഡന്റുമാരുടെ പരാതിയെത്തുടർന്ന്, കേരള ബാങ്ക് ഭരണസമിതിയുടെ വിവാദ തീരുമാനം സഹകരണ സംഘം രജിസ്ട്രാർ ഇമ്പശേഖർ ഐ.എ.എസ് താൽക്കാലികമായി സ്റ്റേ ചെയ്തു.

കേരള ബാങ്കിൽ 'C' ക്ലാസ് അഫിലിയേഷനായി അപേക്ഷിക്കുമ്പോൾ PACS റിലേഷൻഷിപ്പ് മാനേജർമാരുടെ വിശദമായ പരിശോധനാ റിപ്പോർട്ട് നിർബന്ധമാണെന്ന 2026 ജൂലൈ 18-ലെ മുൻ സർക്കുലർ അട്ടിമറിച്ചാണ് ഭരണസമിതി 4989  നമ്പർ തീരുമാനം കൈക്കൊണ്ടത്. പരിശോധന കൂടാതെ 2016 മുതൽ 2026 വരെയുള്ള കാലയളവിൽ രൂപീകരിച്ച 'Other Type' സംഘങ്ങൾക്ക് അപേക്ഷിക്കുന്ന മുറയ്ക്ക് 'C' Class അംഗത്വം നൽകാനായിരുന്നു ബാങ്കിന്റെ നീക്കം.

സഹകരണ നിയമങ്ങൾ കാറ്റിൽപ്പറത്തി അർഹതയില്ലാത്ത സംഘങ്ങൾക്ക് അംഗത്വം നൽകുന്നത് കേരള ബാങ്കിന്റെ സുതാര്യതയെയും സാമ്പത്തിക ഭദ്രതയെയും ഗുരുതരമായി ബാധിക്കുമെന്ന് കാട്ടി സഹകരണ സംഘം പ്രസിഡന്റുമാർ ഹർജി നൽകുകയായിരുന്നു. ഹർജി പരിഗണിച്ച രജിസ്ട്രാർ, 1969-ലെ കേരള സഹകരണ സംഘം നിയമം ചട്ടം 176 പ്രകാരമുള്ള അധികാരം ഉപയോഗിച്ച് ഭരണസമിതി തീരുമാനവും അതിൻമേലുള്ള തുടർനടപടികളും താൽക്കാലികമായി സ്റ്റേ ചെയ്തുകൊണ്ട് ഉത്തരവിറക്കി.