തിരുവനന്തപുരം: സഹകരണ മേഖലയിലെ വായ്പാ കുടിശ്ശികക്കാർക്ക് ആശ്വാസമായി ‘ആശ്വാസം 2026’ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി ഒരു മാസം കൂടി നീട്ടി. നേരത്തെ 2026 ആഗസ്റ്റ് 31 വരെ നിശ്ചയിച്ചിരുന്ന പദ്ധതിയുടെ കാലാവധി സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചാണ് സഹകരണ സംഘം രജിസ്ട്രാർ ഉത്തരവിറക്കിയത്.

സഹകരണ സംഘം രജിസ്ട്രാറുടെ സർക്കുലർ നമ്പർ 28/2026, തീയതി 24-08-2026 പ്രകാരമാണ് കാലാവധി നീട്ടിയത്. ഇതോടെ കുടിശ്ശികയുള്ള വായ്പക്കാർക്ക് സെപ്റ്റംബർ 30 വരെ പദ്ധതിയുടെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തി വായ്പാ ബാധ്യതകൾ തീർപ്പാക്കാൻ അവസരം ലഭിക്കും.

പ്രാഥമിക സഹകരണ സംഘങ്ങൾ/ബാങ്കുകളിലെ കുടിശ്ശിക കുറയ്ക്കുന്നതിനും വായ്പാ തിരിച്ചടവ് പ്രോത്സാഹിപ്പിക്കുന്നതിനുമായി നടപ്പാക്കിയ പദ്ധതിയാണ് ആശ്വാസം 2026. പദ്ധതി പ്രകാരം അർഹരായ വായ്പക്കാർക്ക് വിവിധ ഇളവുകൾ ലഭ്യമാക്കുന്നതിനൊപ്പം കുടിശ്ശിക തീർപ്പാക്കുന്നതിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

പദ്ധതിയുടെ കാലാവധി നീട്ടുന്നത് വായ്പാ കുടിശ്ശികയുള്ളവർക്ക് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. പ്രത്യേകിച്ച് നിശ്ചിത സമയത്തിനുള്ളിൽ തിരിച്ചടവ് നടത്താൻ കഴിയാതിരുന്നവർക്ക് ഒരു മാസം കൂടി ലഭിക്കുന്നത് സഹകരണ സംഘങ്ങളിലെ കുടിശ്ശിക കുറയ്ക്കാനും സഹായകരമാകും.

നേരത്തെ ജൂൺ 1 മുതൽ ആഗസ്റ്റ് 31 വരെ നൂറുദിന പരിപാടിയായാണ് ‘ആശ്വാസം 2026’ നടപ്പാക്കിയിരുന്നത്.