തിരുവനന്തപുരം: “പെൻഷൻ ബോർഡിന്റെ അഭാവം പെൻഷൻ വിതരണത്തിന് തടസ്സമാകരുത്” എന്ന സഹകരണ മന്ത്രി എം. ലിജുവിന്റെ നിലപാടിന്റെ ഭാഗമായി സഹകരണ സംഘങ്ങളിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ പെൻഷൻ വിതരണം വേഗത്തിലാക്കി. പെൻഷൻ ബോർഡിന്റെ അഭാവത്തിൽ തീരുമാനമെടുക്കാതെ കെട്ടിക്കിടന്ന അപേക്ഷകളിലാണ് അടിയന്തര നടപടി സ്വീകരിച്ചത്.
പെൻഷൻ ബോർഡിന്റെ പ്രവർത്തനത്തിൽ ഭരണപരമായ തടസ്സം നിലനിന്ന സാഹചര്യത്തിൽ, പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട ഫയലുകളിൽ തീരുമാനമെടുക്കുന്നതിനും അർഹരായവർക്ക് പെൻഷൻ അനുവദിക്കുന്നതിനുമായി പെൻഷൻ ബോർഡ് സെക്രട്ടറിക്ക് അധികാരം നൽകി സഹകരണ വകുപ്പ് ഉത്തരവിറക്കി.
ഉത്തരവ് പുറത്തിറങ്ങിയ തീയതി മുതൽ തന്നെ പെൻഷൻ ബോർഡിലെ മുഴുവൻ ജീവനക്കാരും ഫയലുകൾ തീർപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ സജീവമായി. അവധി ദിവസമായ ഞായറാഴ്ച ഉൾപ്പെടെ യുദ്ധകാലാടിസ്ഥാനത്തിലാണ് ജീവനക്കാർ പെൻഷൻ ഫയലുകൾ പരിശോധിച്ച് നടപടികൾ പൂർത്തിയാക്കിയത്.
പെൻഷൻ ബോർഡിന്റെ അഭാവത്തിൽ തീരുമാനമെടുക്കാതെ കെട്ടിക്കിടന്ന 399 അപേക്ഷകളിൽ 386 അപേക്ഷകൾ പരിശോധിച്ച് തീരുമാനമെടുത്തു. തുടർന്ന് അർഹരായ പെൻഷൻകാരുടെ പട്ടിക തയ്യാറാക്കി കേരള ബാങ്കിന് കൈമാറി.ഫങ്ക്ഷണൽ രജിസ്ട്രാർ മാരുടെ നിയന്ത്രണത്തിലുള്ള സംഘങ്ങളുടെ 36 അപേക്ഷകൾകൂടെ പരിഹരിച്ചു ആകെ 422 അപേക്ഷകരുടെ പെൻഷൻ വിതരണ ലിസ്റ്റ് കേരള ബാങ്കിന് കൈമാറിയിട്ടുണ്ട്.
തീരുമാനമായ 386 +36 =422 അപേക്ഷകളിലെ പെൻഷൻ തുക ഇന്ന് കേരള ബാങ്കിലെ ബന്ധപ്പെട്ട അക്കൗണ്ടുകളിൽ ക്രെഡിറ്റ് ചെയ്ത് നൽകും. നാളിതുവരെയുള്ള മുഴുവൻ കുടിശ്ശികയും ഉൾപ്പെടുത്തിയാണ് പെൻഷൻ തുക അനുവദിച്ചിരിക്കുന്നത്.
പെൻഷൻ ബോർഡിന്റെ അഭാവം കാരണം വിരമിച്ച ജീവനക്കാർക്ക് പെൻഷൻ ലഭിക്കുന്നതിൽ കാലതാമസം ഉണ്ടാകരുതെന്ന ഉറച്ച നിലപാടാണ് മന്ത്രി എം. ലിജു സ്വീകരിച്ചത്. മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് വകുപ്പുതലത്തിൽ സ്വീകരിച്ച അടിയന്തര നടപടികളും പെൻഷൻ ബോർഡ് ജീവനക്കാരുടെ കൂട്ടായ പ്രവർത്തനവുമാണ് ഫയലുകൾ വേഗത്തിൽ തീർപ്പാക്കാൻ സഹായിച്ചത്.
“സഹകരണ സംഘങ്ങളിൽ നിന്ന് വിരമിച്ച ഒരാളുടെയും പെൻഷൻ മുടങ്ങില്ല” എന്ന ഉറപ്പ് നടപ്പാക്കുന്നതിന്റെ ഭാഗമായി ശേഷിക്കുന്ന അപേക്ഷകളിലും ആവശ്യമായ പരിശോധനകൾ പൂർത്തിയാക്കി തുടർനടപടികൾ സ്വീകരിക്കാനാണ് എം ലിജു നിർദ്ദേശം നൽകിയിട്ടുള്ളത് .