തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന  സഹകരണ സംഘങ്ങളെ സംരക്ഷിക്കുന്നതിനായി സർക്കാർ പ്രത്യേക പാക്കേജ് തയ്യാറാക്കുന്നു. നിക്ഷേപകർക്ക് പണം പൂർണമായി തിരിച്ചുനൽകാൻ കഴിയാത്ത 441 സഹകരണ സംഘങ്ങളാണ് നിലവിലുള്ളതെന്നാണ് സഹകരണ വകുപ്പിന്റെ വിലയിരുത്തൽ. ഈ സഹകരണ സംഘങ്ങൾക്ക് നിക്ഷേപകർക്കും    ആശ്വാസമാകുന്ന തരത്തിലുള്ള പാക്കേജ് ആണ്  സഹകരണ വകുപ്പ് സഹകരണ മന്ത്രി എം ലിജുവിനെ നിർദ്ദേശാനുസരണം രൂപകല്പന ചെയ്യുന്നത്.

 പുതിയ സഹകരണ സംഘങ്ങൾ പ്രതിസന്ധിയിലേക്ക് പോകാതിരിക്കുന്നതിന്  പ്രത്യേക നിരീക്ഷണവും  സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിനുള്ള നിർദ്ദേശങ്ങളുമുണ്ട്. സഹകരണ ബാങ്കുകളുടെ സാമ്പത്തിക സ്ഥിതി പരിശോധിച്ച് ആവശ്യമായ ഇടപെടലുകൾ നേരത്തെ തന്നെ നടത്തുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ബാങ്കുകളുടെ സ്വന്തം ഫണ്ടിനേക്കാൾ അധികമായി നഷ്ടം സംഭവിക്കുകയും നിക്ഷേപങ്ങളിൽ ചോർച്ച ഉണ്ടാകുകയും ചെയ്യുന്ന സാഹചര്യമാണ് പല ബാങ്കുകളെയും പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. സംഘത്തിലെ ഭരണസമിതിയുടെയും ജീവനക്കാരുടെയും കെട്ടുകാര്യസ്ഥത മൂലമാണ് സംഘം നഷ്ടത്തിൽ ആയിട്ടുള്ളതെങ്കിൽ ഇവർക്കെതിരെ ശക്തമായ നടപടി വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാകും, കൂടാതെ ഈ കാലഘട്ടത്തിൽ സഹകരണ വകുപ്പ് പരിശോധന ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അവർക്കെതിരെയും കർശന നടപടിക്ക് സഹകരണ വകുപ്പ് മന്ത്രി എം. ലിജു നിർദ്ദേശം നൽകിയിട്ടുണ്ട്.

 സർക്കാർ തയ്യാറാക്കുന്ന രക്ഷാപാക്കേജിന്റെ അന്തിമരൂപം പൂർത്തിയാക്കി മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിക്കാനാണ് നീക്കം. പാക്കേജ് നടപ്പാക്കുന്നതിലൂടെ പ്രതിസന്ധിയിലുള്ള സഹകരണ ബാങ്കുകളിലെ നിക്ഷേപകർക്ക് തങ്ങളുടെ പണം തിരികെ ലഭിക്കുന്നതിനുള്ള സാധ്യത ശക്തമാകും.സഹകരണ മേഖലയിലെ സാമ്പത്തിക അച്ചടക്കവും ബാങ്കുകളുടെ പ്രവർത്തനക്ഷമതയും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും പാക്കേജിന്റെ ഭാഗമായി പരിഗണിക്കുന്നുണ്ട്.ഇന്നത്തെ റിപ്പോർട്ടുകളിലും 441 സഹകരണ ബാങ്കുകളെ കേന്ദ്രീകരിച്ചുള്ള സർക്കാർ രക്ഷാപാക്കേജ് സംബന്ധിച്ച വിവരങ്ങൾ വന്നിട്ടുണ്ട്.   സാമ്പത്തിക അച്ചടക്കവും ബാങ്കുകളുടെ പ്രവർത്തനക്ഷമതയും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും പാക്കേജിന്റെ ഭാഗമായി പരിഗണിക്കുന്നുണ്ട്.