തിരുവനന്തപുരം: മൺവിളയിലെ അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ (ACSTI) 2018 മുതൽ നടന്ന അനധികൃത നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സഹകരണ വകുപ്പ് മന്ത്രി എം. ലിജു ഉത്തരവിട്ടു. ആറ്റിപ്ര സ്വദേശി കെ. അജയകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ആരോപണങ്ങളിൽ 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സഹകരണ സംഘം രജിസ്ട്രാർ ഓഫീസ്, ACSTI ഡയറക്ടർ ഇൻ ചാർജിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

2019-ൽ അന്നത്തെ സഹകരണ വകുപ്പ് മന്ത്രിയുടെ ബന്ധുവിന് പ്രതിമാസം 1 ലക്ഷം രൂപ ശമ്പളത്തിൽ പ്രോഗ്രാം ഓഫീസറായി നിയമനം നൽകി. കൂടാതെ കോഴ്സ് അസിസ്റ്റന്റ്, പ്യൂൺ തസ്തികകളിലും ക്രമക്കേട് നടന്നതായി പരാതിയിലുണ്ട്. സർക്കാർ നിയമനങ്ങൾക്ക് പ്രായപരിധി 35 വയസ്സായിരിക്കെ, പ്രത്യേക ഉദ്യോഗാർത്ഥിക്കായി വിജ്ഞാപനത്തിൽ വയസ്സ് 40-47 ആയി തിരുത്തി. 46 വയസ്സുള്ള വ്യക്തിക്കാണ് പ്രോഗ്രാം ഓഫീസറായി നിയമനം നൽകിയത്. 1 ലക്ഷം രൂപ ശമ്പളമുള്ള തസ്തികയിലെ അഭിമുഖത്തിൽ രണ്ട് പേർ മാത്രമാണ് പങ്കെടുത്തത്. ഇതിൽ രണ്ടാമത്തെയാൾ നിയമനം ലഭിച്ചയാളുടെ ബന്ധുവായിരുന്നു. സ്ഥാപനത്തിന്റെ ജനറൽ കൗൺസിൽ നടത്തുന്ന നിയമനങ്ങൾക്ക് സർക്കാരിന്റെ അംഗീകാരം വേണമെന്നിരിക്കെ, ആദ്യ മൂന്ന് നിയമനങ്ങൾ മാത്രമാണ് സർക്കാർ അംഗീകരിച്ചത്. തുടർന്നു വന്ന 4 നിയമനങ്ങൾക്കും സർക്കാരിന്റെ അനുമതിയുണ്ടായിരുന്നില്ല.നിലവിൽ ഡയറക്ടർ, എക്സിക്യൂട്ടീവ് ഡയറക്ടർ തസ്തികകൾ ഒഴിവുകിടക്കുകയാണ്. എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന കെ. സി. സഹദേവൻ ഭരണമാറ്റത്തെ തുടർന്ന് രാജി വെച്ചിരുന്നു.കേരള ബാങ്കിൽ നിന്ന് ഡെപ്യൂട്ടേഷനിലെത്തിയ ഇടത് സർവീസ് സംഘടനാ നേതാവ് ടി. ആർ. രമേശനാണ് നിലവിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ. എന്നാൽ ഇദ്ദേഹം രാഷ്ട്രീയപ്രേരിതമായി ഏകപക്ഷീയ റിപ്പോർട്ടാണ് തയ്യാറാക്കുന്നതെന്നും, അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ മാറ്റിനിർത്തി അന്വേഷണം നടത്തിയാൽ മാത്രമേ സത്യം പുറത്തുവരികയുള്ളൂവെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.