ടീം ഓഡിറ്റ് സംവിധാനം നിലവിൽ വന്നതിന് പിന്നാലെ സഹകരണ സംഘങ്ങളിലെ ഓഡിറ്റ് ഫീസ് വലിയ തോതിൽ ഉയർത്തിയിരുന്നു. പ്രത്യേകിച്ച് ചെറുകിട സഹകരണ സംഘങ്ങൾക്ക് വർധിപ്പിച്ച ഓഡിറ്റ് ഫീസ് വലിയ സാമ്പത്തിക ബാധ്യതയായി മാറിയിരുന്നു. ശമ്പളം നൽകാൻ പോലും ബുദ്ധിമുട്ടുന്ന ചില സംഘങ്ങൾ പോലും ഓഡിറ്റ് ഫീസായി ലക്ഷക്കണക്കിന് രൂപ സർക്കാറിലേക്ക് അടയ്ക്കേണ്ട സാഹചര്യമുണ്ടായിരുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.2025-ൽ നടപ്പാക്കിയ ഓഡിറ്റ് ഫീസ് പരിഷ്കരണവുമായി ബന്ധപ്പെട്ട് സഹകരണ മേഖലയിൽ നിന്ന് നിരവധി പരാതികളാണ് ഉയർന്നത്. പുതിയ മന്ത്രിസഭ അധികാരമേറ്റശേഷം മന്ത്രി എം. ലിജുവിന് ലഭിച്ച പരാതികളും സഹകരണ സംഘങ്ങളുടെ ബുദ്ധിമുട്ടുകളും പരിഗണിച്ചാണ് ഓഡിറ്റ് ഫീസ് പഴയ നിരക്കിലേക്ക് പുനഃസ്ഥാപിക്കാൻ തീരുമാനിച്ചത്.ഓഡിറ്റ് ഫീസ് സഹകരണ സംഘങ്ങൾക്ക് അമിതമായ സാമ്പത്തിക ബാധ്യതയാകരുതെന്ന നിലപാടാണ് സർക്കാറിനുള്ളത്. സഹകരണ മേഖലയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ പിന്തുണ നൽകുന്നതിനും സംഘങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനുമാണ് നടപടി ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.ഓഡിറ്റ് ഫീസ് വർധനയെ ചോദ്യം ചെയ്ത് ചില സഹകരണ സംഘങ്ങൾ കോടതിയെ സമീപിച്ചിരുന്നു. വിഷയത്തിൽ സർക്കാർ വിശദമായി കേൾക്കാൻ തയ്യാറാണെന്ന് കോടതിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.സഹകരണ സംഘങ്ങൾക്ക് ആശ്വാസം നൽകുന്ന ഈ തീരുമാനം സഹകരണ മേഖലയിൽ വലിയ പ്രതീക്ഷയാണ് ഉയർത്തുന്നത്.