തിരുവനന്തപുരം: കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡിന്റെ ഭരണസമിതി നിലവിൽ വരാത്ത സാഹചര്യത്തിൽ, വിരമിച്ച സഹകരണ സംഘം ജീവനക്കാരുടെ പെൻഷൻ, ഫാമിലി പെൻഷൻ എന്നിവയുടെ നടപടികൾ മുടങ്ങാതിരിക്കാൻ സഹകരണ മന്ത്രി എം.ലിജുവിന്റെ ഇടപെടൽ.
ഓണത്തോടനുബന്ധിച്ച് സഹകരണ പെൻഷൻകാർക്കും ഫാമിലി പെൻഷൻകാർക്കും ഉത്സവബത്ത അനുവദിക്കുന്നതിനും പെൻഷൻ ബോർഡിലെ ജീവനക്കാർക്ക് ഓണം അഡ്വാൻസ്, ബോണസ്/ഉത്സവബത്ത എന്നിവ അനുവദിക്കുന്നതിനും പെൻഷൻ ബോർഡ് സെക്രട്ടറിക്ക് അധികാരം നൽകി സഹകരണ വകുപ്പ് ഉത്തരവിറക്കി. സഹകരണ വകുപ്പ് പുറത്തിറക്കിയ സ.ഉ.(സാധാ) നം.328/2026/Co-Op ഉത്തരവിലാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയിരിക്കുന്നത്. പുതിയ ഭരണസമിതി അധികാരമേൽക്കുന്നതുവരെ വിരമിച്ച സഹകരണ സംഘം ജീവനക്കാരുടെ പെൻഷൻ/ഫാമിലി പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട നടപടികൾ തടസ്സപ്പെടാതിരിക്കാനാണ് സെക്രട്ടറിക്ക് ആവശ്യമായ അധികാരം നൽകിയത്. പെൻഷൻ ബോർഡിന്റെ പ്രവർത്തനങ്ങൾ സാധാരണ നിലയിൽ തുടരുന്നതിനും പെൻഷൻ ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിനും ഉത്തരവ് സഹായകരമാകും. പെൻഷൻ ബോർഡിന്റെ ഭരണസമിതി നിലവിൽ വരുന്നതുവരെ പെൻഷൻ സംബന്ധമായ അപേക്ഷകൾ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സെക്രട്ടറിക്ക് അധികാരം ലഭിച്ചതോടെ, പെൻഷൻ കാത്തിരിക്കുന്ന വിരമിച്ച സഹകരണ ജീവനക്കാർക്ക് ആശ്വാസമാകുന്ന തീരുമാനമാണിത്. സഹകരണ മേഖലയിലെ വിരമിച്ച ജീവനക്കാരുടെ പെൻഷൻ വിതരണത്തിൽ ഭരണപരമായ തടസ്സങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ഇടക്കാല സംവിധാനമായാണ് പുതിയ ഉത്തരവ് .